ടൊറൻ്റോ : നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് കാമറകളുടെ എണ്ണം ഇരട്ടിയാക്കുന്നതായി ട്രാൻസ്പോര്‍ട്ടേഷന്‍ സര്‍വീസസ്. നിലവിലുള്ള 75 കാമറകളിൽ നിന്ന് 150 ആയാണ് ഉയർത്തുന്നതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസസ് മാനേജര്‍ ബാര്‍ബറ ഗ്രേ പറഞ്ഞു. സ്ഥിരമായ പോള്‍ ഘടിപ്പിച്ച 25 എണ്ണവും അവ സ്ഥാപിച്ചിരിക്കുന്ന വാര്‍ഡുകളിലെ ഓരോ മൂന്ന് മുതല്‍ ആറ് മാസം വരെ കറങ്ങുന്ന മറ്റ് 50 കാമറകളും ഉള്‍പ്പെടുന്ന പുതിയ കാമറകളുടെ ഇന്‍സ്റ്റാളേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡ്രൈവർമാരുടെ വേഗത കുറയ്ക്കാൻ ഫലപ്രദമായ സ്ഥലങ്ങളിലാണ് പുതിയ കാമറകള്‍ സ്ഥാപിക്കുക.

കാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഡ്രൈവര്‍മാര്‍ക്ക് 90 ദിവസം മുന്‍പെങ്കിലും നിര്‍ദ്ദേശം നല്‍കണമെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ സ്പീഡ് കാമറകൾ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസസ് അറിയിച്ചു.
കാലങ്ങളായി വേഗനിയന്ത്രണമുള്ള പ്രദേശങ്ങളിലും സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലുമാണ് പ്രധാനമായും പുതിയ കാമറകള്‍ സ്ഥാപിക്കുക. കൂടാതെ സ്പീഡ് കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് സിറ്റി വെബ്സൈറ്റില്‍ കാണാം. കാമറകള്‍ സ്ഥാപിച്ചതോടെ അമിതവേഗം കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാനായിട്ടുണ്ടെന്ന് ഗ്രേ വ്യക്തമാക്കി.