വാഷിങ്ടണ്‍: ആഗോള വ്യാപാരമേഖലയില്‍ താരിഫ് യുദ്ധം മുറുകുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയ്ക്ക് പകരം തീരുവ ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 2800 കോടി ഡോളര്‍ മൂല്യം വരുന്ന ഉല്പന്നങ്ങള്ക്കു പകരം തീരുവ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന് പറഞ്ഞു.
ഏപ്രില്‍ ഒന്നിന് യുഎസിനുള്ള തീരുവയിളവ് പിന്‍വലിക്കുമെന്നു യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. വിവിധ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രില്‍ 2 മുതലാണു യുഎസ് നടപ്പാക്കുക. നിലവില്‍ 2800 കോടി ഡോളര്‍ മൂല്യം വരുന്ന ഉല്പന്നങ്ങളാണ് പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും അമേരിക്കയിലേക്ക് അലുമിനിയവും സ്റ്റീലും കയറ്റി അയയ്ക്കുന്നുണ്ട്. ഉയര്‍ന്ന തീരുവ 43,500 കോടി രൂപയുടെ എന്‍ജിനീയറിങ് ഉല്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് എന്‍ജിനീയറിങ് എക്സ്പോര്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി) ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തീരുവ വര്‍ധന വ്യവസായ മുരടിപ്പുണ്ടാകുമെന്ന മുന്നറിയിപ്പുമായി വന്‍ കോര്‍പറേറ്റുകള്‍ രംഗത്തെത്തി. ഈ വര്‍ഷം തന്നെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത 40% ആണെന്ന് ജെപി മോര്ഗന് മുന്നറിയിപ്പു നല്കി. തീരുവയും പകരത്തിന് പകരം തീരുവയുമായി നിലവില്‍ ആഗോള വ്യാപാരമേഖല യുദ്ധസാഹചര്യമായിരിക്കുകയാണ്.