ലാ മാൽബായ് : പാശ്ചാത്യ രാജ്യങ്ങൾക്കിടയിലുള്ള താരിഫുകൾ ചൈനയുടെ താൽപ്പര്യങ്ങൾക്ക് മാത്രമേ സഹായകമാകുകയുള്ളുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ്. റഷ്യയുടെ വർധിച്ചുവരുന്ന ആക്രമണ പ്രവണത, ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ പ്രതിരോധ ചിലവ് വർധിപ്പിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവരുമായി അമേരിക്ക വ്യാപാര യുദ്ധം നടത്തുകയാണെങ്കിൽ, ഇതിൽ നിന്ന് യഥാർത്ഥത്തിൽ നേട്ടമുണ്ടാക്കുന്നത് ചൈനയാണെന്നും കാജ കല്ലാസ് പറയുന്നു. സാമ്പത്തിക സുരക്ഷ, പ്രതിരോധ വ്യവസായ സഹകരണം, സംയുക്ത നാവിക അഭ്യാസങ്ങൾ തുടങ്ങിയ മേഖലകളിൽ യൂറോപ്യൻ യൂണിയനും കാനഡയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.