ഓട്ടവ : ആഗോള വ്യാപാര മേഖലയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ സ്വാധീനം തുടരുമ്പോൾ കാനഡയ്‌ക്കെതിരായ ഭീഷണികൾ തമാശയല്ലെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി. കെബെക്കിലെ G7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തന്റെ സഹപ്രവർത്തകരിൽ പലരും ഈ വിഷയം തമാശയായാണ് കാണുന്നതെന്നും എന്നാൽ ഇത് ഒരു തമാശയല്ല എന്ന് താൻ അവരോട് പറഞ്ഞെന്നും മെലനി ജോളി വ്യക്തമാക്കി. കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ സംഘർഷം നിലനിൽക്കെ കെബെക്ക് സിറ്റിയുടെ നോർത്ത് ഈസ്റ്റ് ഭാഗത്ത് ചാർലെവോയിക്സ് മേഖലയിലാണ് ഗ്രൂപ്പ് ഓഫ് സെവൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ജോളി നടത്തിയത്.

താരിഫുകളുടെ ആഘാതത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വ്യാഴാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തിയതായി മെലനി ജോളി പറഞ്ഞു. ട്രംപും പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ഒരു ഫോൺ കോൾ സംഭാഷണം നടത്തേണ്ടത് പ്രധാനമാണെന്നും ജോളി റൂബിയോയോട് പറഞ്ഞു.