ഓട്ടവ : ലിബറൽ പാർട്ടി ലീഡർ മാർക്ക് കാർണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലിബറൽ നേതൃത്വ മത്സരത്തിന്റെ വൻ വിജയത്തിന് അഞ്ച് ദിവസം കഴിഞ്ഞാണ് റീഡോ ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി പദവും ലിബറൽ ലീഡർ സ്ഥാനവും രാജി വച്ചതോടെയാണ് ഇരുസ്ഥാനങ്ങളിലേക്കും കാർണി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാകും മാര്‍ക്ക് കാര്‍ണി.119 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതിലൂടെ തിരുത്തി കുറിച്ചിരിക്കുന്നത്.

അതേസമയം, ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ ആയിരുന്ന മാർക്ക് കാർണിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കേണ്ടത് ഡോണൾഡ് ട്രംപ് എന്ന വെല്ലുവിളിയെ നേരിട്ടു കൊണ്ടാണ്.
ഒരു ദശാബ്ദത്തെ ഭരണത്തിന് വിട പറഞ്ഞ് ജസ്റ്റിൻ ട്രൂഡോ ഇന്ന് രാവിലെ ഗവർണർ ജനറൽ മേരി സൈമണെ സന്ദർശിച്ച് ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ ജനറൽ മേരി സൈമണുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാനും പുതിയ മന്ത്രിസഭയെ അവതരിപ്പിക്കാനും മാർക്ക് കാർണിയോട് ആവശ്യപ്പെടാൻ ശുപാർശ ചെയ്യുകയും ചെയ്തു. ജനുവരിയിൽ അദ്ദേഹം പ്രധാനമന്ത്രി പദവിയും ലിബറൽ നേത്രസ്ഥാനവും രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്.