ഹാലിഫാക്സ് : ഫ്രാക്കിങിനും യുറേനിയം ഖനനത്തിനുമുള്ള നിരോധനം നീക്കൽ അടക്കമുള്ള വിവാദ ബില്ലുകളിൽ പ്രവിശ്യാ സർക്കാർ മറുപടി പറയണമെന്ന് നോവസ്കോഷ എൻഡിപി. തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമിതി യോഗത്തിൽ പങ്കെടുത്ത് ഇതിനെതിരെ പ്രതികരിക്കണമെന്ന് എൻഡിപി ലീഡർ ക്ലോഡിയ ചെൻഡർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഫ്രാക്കിങ്, യുറേനിയം ഖനനം എന്നിവയ്ക്കുള്ള പ്രവിശ്യയിലെ നിരോധനങ്ങൾ പതിറ്റാണ്ടുകളായി നിലവിലുണ്ടെന്നും ശരിയായ പൊതുജനാഭിപ്രായം തേടാതെ നയങ്ങൾ റദ്ദാക്കുന്ന നിയമനിർമ്മാണം പാസാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ക്ലോഡിയ ചെൻഡർ വ്യക്തമാക്കി.
തിങ്കളാഴ്ച കമ്മിറ്റി അംഗങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും എന്നാൽ ഹിയറിങ്ങിനിടെ ബില്ലുകളിൽ ഭേദഗതി വരുത്തില്ലെന്നും ഗവൺമെന്റ് ഹൗസ് ലീഡർ ബ്രെൻഡൻ മാഗ്വയർ പ്രസ്താവനയിൽ പറഞ്ഞു. ബില്ലുകൾ നിയമസഭയിൽ തിരിച്ചെത്തുമ്പോൾ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. സർവകലാശാല ഭരണം, സിവിൽ സർവീസ് ഭരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഏഴ് ബില്ലുകൾ കൂടി തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമിതി യോഗത്തിൽ പുനഃപരിശോധിക്കും.

ഓഡിറ്റർ ജനറലിന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക, രേഖകൾ ആക്സസ് ചെയ്യുന്നതിനുള്ള നടപടികൾ സങ്കീർണമാക്കുക എന്നിവയുൾപ്പെടെയുള്ള സമീപകാല നിർദ്ദേശങ്ങൾ കാരണം ടിം ഹ്യൂസ്റ്റൺ സർക്കാർ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. അതിനാൽ ചില നിർദ്ദേശങ്ങൾ പിൻവലിച്ച് മറ്റുള്ളവയിൽ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.