വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഫെബ്രുവരി പത്തൊമ്പതിന് പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന ഉത്തരവ് രാജ്യവ്യാപകമായി ഫെഡറല്‍ ജഡ്ജിമാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് പരമോന്നത കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയുടെ മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജന്മാവകാശ പൗരത്വത്തിനെതിരേ മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ ജില്ലാ ജഡ്ജിമാര്‍ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ റദ്ദാക്കണമെന്നും ട്രംപിന്റെ ഉത്തരവിനെതിരേ കേസുകള്‍ കൊടുത്തവര്‍ക്കു മാത്രമായി നിരോധനം പരിമിതപ്പെടുത്തണമെന്നും അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ ജനുവരി ഇരുപതിനാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ച് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചത്. ജനുവരി ആദ്യം ട്രംപ് അധികാരത്തിലേറിയ ഉടന്‍ ഒപ്പിട്ട ഉത്തരവുകളിലൊന്നാണിത്.

നിലവിലുള്ള നിയമം അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിച്ചിരുന്നു. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രാംപിന്റെ ഉത്തരവ് നടപ്പായാല്‍ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. യുഎസില്‍ സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. ജന്മാവകാശ പൗരത്വം ലോകം മുഴുവന്‍ യുഎസിലേക്ക് വന്നടിയാന്‍ വേണ്ടിയല്ലെന്ന ട്രംപിന്റെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.