കാൽഗറി : നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് ആല്‍ബര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ വിദ്യാർത്ഥികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 18 പുതിയ സ്കൂളുകൾ ആരംഭിക്കുന്നത്. ഇതോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 14,400 വിദ്യാർത്ഥികൾക്ക് കൂടി പഠിക്കാൻ സൗകര്യമുണ്ടാകുമെന്ന് സർക്കാർ പറയുന്നു.
കാൽഗറിയിലും പരിസര പ്രദേശങ്ങളിലും 18 പുതിയ ഗ്രേഡ് സ്കൂളുകൾ ആരംഭിക്കുന്നതായി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സിന്റെ സാന്നിധ്യത്തിൽ പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു.

നിരവധി കുടുംബങ്ങൾ കാൽഗറിയിലേക്ക് താമസം മാറുന്നതിനാൽ പുതിയ സ്കൂളുകൾ അത്യാവശ്യമാണെന്ന് കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ (സിബിഇ) ചെയർപേഴ്‌സൺ പട്രീഷ്യ ബോൾഗർ പറയുന്നു. നിലവിൽ സിബിഇ സ്കൂളുകൾ വിദ്യാർത്ഥികളാൽ നിറഞ്ഞു കവിയുകയാണെന്നും പട്രീഷ്യ ബോൾഗർ വ്യക്തമാക്കി.
സ്കൂളുകളിൽ 4,000 അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും കൂടി നിയമിക്കുന്നതിനായി സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ 110 കോടി ഡോളർ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു.