വൻകൂവർ: ഉപഭോക്തൃ കാർബൺ വില പിൻവലിക്കാനൊരുങ്ങി ബ്രിട്ടിഷ് കൊളംബിയ. ഇന്നലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ കാബിനറ്റ് യോഗത്തിൽ ഉപഭോക്തൃ കാർബൺ വില നിർത്തലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രവിശ്യയുടെ പുതിയ നീക്കം.
ബിസിയിലെ ഉപഭോക്തൃ കാർബൺ വില പിൻവലിക്കുന്നതിനുള്ള നിയമനിർമ്മാണം പ്രവിശ്യ തയ്യാറാക്കുകയാണെന്ന് പ്രീമിയർ ഡേവിഡ് എബി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.ബ്രിട്ടിഷ് കൊളംബിയയിൽ കാർബൺ വില ഏർപ്പെടുത്തണമെന്ന നിബന്ധന ഫെഡറൽ ഗവൺമെന്റ് നീക്കം ചെയ്യുന്നതിനാൽ, പ്രവിശ്യയിലെ ജനങ്ങൾക്ക് കാറുകളിൽ ഇന്ധനം നിറയ്ക്കുമ്പോഴോ ശൈത്യകാലത്ത് വീടുകളിലെ താപനില ക്രമീകരിക്കുമ്പോഴോ ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാൻ ഉപഭോക്തൃ കാർബൺ വില പിൻവലിക്കാനുള്ള നടപടികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് ഡേവിഡ് എബി കൂട്ടിച്ചേർത്തു.

ഉപഭോക്തൃ കാർബൺ വില ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള ഓർഡർ-ഇൻ-കൗൺസിൽ മാർക്ക് കാർണി ഒപ്പുവച്ചു. കാർബൺ വിലയിൽ റിബേറ്റ് ലഭിക്കുന്ന ആളുകൾക്ക് അടുത്ത ഏപ്രിലിൽ അവസാന പേയ്‌മെന്റ് ലഭിക്കുമെന്ന് മാർക്ക് കാർണി അറിയിച്ചു.