വിനിപെഗ്: മാനിറ്റോബ കാർമാനിൽ പള്ളിയിൽ തീപിടിത്തം ഉണ്ടായതായി മാനിറ്റോബ ആർസിഎംപി. വ്യാഴാഴ്ച പുലർച്ചെ 4:15 ഓടെ, കാർമാനിലെ 2 സ്ട്രീറ്റ് സൗത്ത്‌വില്ലിലുള്ള പള്ളിക്കുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ കാർമാൻ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതേസമയം ബേസ്മെന്റിലേക്കുള്ള തറ ഇടിഞ്ഞുവീണതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് മാനിറ്റോബ ആർസിഎംപി പറഞ്ഞു. എന്നാൽ സംഭവസമയത്ത് പള്ളിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിൽ സംശയമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. പള്ളി പരിസരത്തെ പുലർച്ചെ 3:30 നും 4:30 നും ഇടയിലുള്ള വിഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവർ 204-745-6760 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.