വാഷിങ്ടണ്‍: 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭരണകൂടം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇതുസംബദ്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളെ പൂര്‍ണ്ണമായും, ഭാഗികമായും, പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ വീസ റദ്ദാക്കാവുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നീ പത്ത് രാജ്യങ്ങള്‍ ആണ് ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളുടെ വീസ പൂര്‍ണ്ണമായും റദ്ദാക്കും.
എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളുള്‍പ്പെട്ടതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ഈ രാജ്യങ്ങള്‍ക്ക് ഭാഗികമായ വീസ സസ്‌പെന്‍ഷന്‍ ആണ് നേരിടേണ്ടിവരിക. ടൂറിസ്റ്റ്, സ്റ്റുഡന്റ് വീസകളെയും മറ്റ് കുടിയേറ്റ വീസകളെയുമാണ് ഇത് ബാധിക്കുക.

മൂന്നാമത്തെ ഗ്രൂപ്പില്‍, അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെലാറസ്, ബെനിന്‍, ഭൂട്ടാന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കംബോഡിയ, കാമറൂണ്‍, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയല്‍ ഗിനി, ഗാംബിയ, ലൈബീരിയ എന്നിങ്ങനെ മൊത്തം 26 രാജ്യങ്ങളാണ് ഉള്ളത്. 60 ദിവസത്തിനുള്ളില്‍ അതാത് രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ യുഎസ് വീസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവയ്ക്കും.
അതേസമയം, പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ഭരണകൂടം ഇത് അംഗീകരിച്ചിട്ടില്ലെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു.