വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇബ്രാഹിം റസൂല്‍ രാജ്യത്തെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും വെറുക്കുന്നുവെന്നും അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ക്ക് ഇനി യു.എസില്‍ പ്രവേശനമുണ്ടാവില്ലെന്നും റൂബിയോ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.
‘ദക്ഷിണാഫ്രിക്കയുടെ അമേരിക്കന്‍ അംബാസഡറിനെ നമ്മുടെ മഹത്തായ രാജ്യത്തേക്ക് ഇനി സ്വാഗതം ചെയ്യുന്നില്ല,’ മാര്‍ക്കോ റൂബിയോ എക്സില്‍ പോസ്റ്റ് ചെയ്തു. അമേരിക്കയെയും ഡൊണാള്‍ഡ് ട്രംപിനെയും വെറുക്കുന്ന, വംശീയവാദിയായ രാഷ്ട്രീയക്കാരനെന്നാണ് മാര്‍ക്കോ റൂബിയോ ഇബ്രാഹിം റസൂലിനെ വിശേഷിപ്പിച്ചത്. തങ്ങള്‍ക്ക് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലെന്നും അതിനാല്‍ ഇബ്രാഹിം റസൂലിനെ നോണ്‍ ഗ്രാറ്റയായി (മാതൃരാജ്യത്തേക്ക് തിരിച്ചുവിളിക്കേണ്ട വ്യക്തി) കണക്കാക്കുന്നെന്നും റൂബിയോ എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഇബ്രാഹിം റസൂലിനെ എന്തിനാണ് പുറത്തിക്കായതെന്നതില്‍ മാര്‍ക്ക് റൂബിയോയോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ കൃത്യമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ തിങ്ക് ടാങ്ക് സംഘടിപ്പിച്ച വെബിനാറിന്റെ ഭാഗമായി റസൂല്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സൂചന. പ്രസംഗത്തില്‍ ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ മൂലം, യുഎസില്‍ വെള്ളക്കാര്‍ ഭൂരിപക്ഷമാകുന്നുവെന്ന് ഇബ്രാഹിം റസൂല്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം യുഎസ് വളരെ അപൂര്‍വമായാണ് ഒരു അംബാസഡറെ പുറത്താക്കുന്നത്. യുഎസും ദക്ഷിണാഫ്രിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍, വെളുത്ത വംശജരായ കര്‍ഷകരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന നിയമം ചൂണ്ടിക്കാട്ടി ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുള്ള യുഎസ് സഹായം മരവിപ്പിച്ചിരുന്നു . സുരക്ഷാ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് യുഎസിലേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു കര്‍ഷകനെയും ക്ഷണിക്കുന്നെന്നും, അവര്‍ക്ക് പൗരത്വം നല്‍കാനുള്ള ദ്രുത മാര്‍ഗം ഒരുക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു.