ഓട്ടവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ 24 അംഗ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും. ഇന്തോ-കനേഡിയന്‍ വംശജയായ അനിത ആനന്ദും ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേരയുമാണ് കാര്‍ണി മന്ത്രിസഭയിലെ ഇന്ത്യന്‍ വംശജര്‍. ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രിയാണ് അനിത ആനന്ദ്, കമല്‍ ഖേര ആരോഗ്യമന്ത്രിയുമാണ്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് ഡല്‍ഹിയില്‍ ജനിച്ച കമലിന്റെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോയിലെ യോര്‍ക് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ കമല്‍, 2015ലാണ് ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാനഡ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് കമല്‍ ഖേര. മുതിര്‍ന്ന പൗരന്മാരുടെ വകുപ്പിന്റെ മന്ത്രിയായും അന്താരാഷ്ട്ര വികസനം, ദേശീയ റവന്യൂ, ആരോഗ്യം എന്നീ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിയായും കമല്‍ ഖേര പ്രവര്‍ത്തിച്ചിട്ടുണ്ട്. നഴ്‌സ്, കമ്യൂണിറ്റി വോളന്റിയര്‍, രാഷ്ട്രീയം എന്നിവയാണ് കമല്‍ ഖേരയുടെ പ്രവര്‍ത്തന മേഖല.
നഴ്‌സ് എന്ന നിലയില്‍ തന്റെ മുന്‍ഗണന രോഗികളെ സഹായിക്കുക എന്നതാണെന്നും ആരോഗ്യ മന്ത്രി എന്ന നിലയിലും സമാന ലക്ഷ്യമാണ് തനിക്കുള്ളതെന്നും പുതിയ പദവിയെ കുറിച്ച് കമല്‍ ഖേര എക്‌സിലൂടെ വ്യക്തമാക്കി. പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കമല്‍ പറഞ്ഞു.

നോവസ്‌കോഷയില്‍ ജനിച്ചു വളര്‍ന്ന അനിത ആനന്ദ് 1985ലാണ് ഒന്റാരിയോയിലേക്ക് താമസം മാറിയത്. 2019ല്‍ ഓക്‌വില്ലില്‍ നിന്നാണ് കാനഡ പാര്‍ലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറി ബോര്‍ഡ് പ്രസിഡന്റായും ദേശീയ പ്രതിരോധം, പബ്ലിക് സര്‍വീസ് ആന്റ് പ്രോക്യുമെന്റ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും 58കാരിയായ അനിത പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകയും ഗവേഷകയുമായ അനിത, ടൊറന്റോ സര്‍വകലാശാലയില്‍ നിയമ വിഭാഗം പ്രഫസറായിരുന്നു. നിക്ഷേപക സംരക്ഷണത്തിലും കോര്‍പറേറ്റ് ഗവേണന്‍സിലും മുന്‍തൂക്കം നല്‍കുന്ന ജെ.ആര്‍. കിംബര്‍ ചെയറിന് നേതൃത്വം നല്‍കിയിട്ടുണ്ട്. കാനഡയുടെ ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രി എന്ന നിലയില്‍, രാജ്യത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥ പടത്തുയര്‍ത്തുമെന്ന് അനിത ആനന്ദ് എക്‌സില്‍ കുറിച്ചു.
കാനഡ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അനിത ആനന്ദും കമല്‍ ഖേരയും ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. ട്രൂഡോ മന്ത്രിസഭയിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കാര്‍ണി മന്ത്രിസഭയില്‍ നിലനിര്‍ത്തിയിട്ടുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളുമുള്ള കാര്‍ണിയുടെ മന്ത്രിസഭ ട്രൂഡോയുടെ 37 അംഗ മന്ത്രിസഭയേക്കാള്‍ ചെറുതാണ്.