സനാ: അക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നരകം നിങ്ങളുടെ മേല്‍ പെയ്തിറങ്ങുമെന്ന ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യെമനില്‍ യു.എസ് സൈന്യത്തിന്റെ വന്‍ വ്യോമാക്രമണം. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നതായി ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിസൈലുകള്‍, റഡാറുകള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് യു.എസ് വ്യോമ-നാവിക സേനയുടെ ആക്രമണം.
തലസ്ഥാനമായ സനായിലും സാദ, അല്‍ ബെയ്ദ, റാദ എന്നിവിടങ്ങളിലും നടന്ന ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്’, മന്ത്രാലയ വക്താവ് അനിസ് അല്‍-അസ്ബാഹി എക്‌സില്‍ പോസ്റ്റ് ചെയ്തു. സനായില്‍ കുറഞ്ഞത് എട്ട് ആക്രമണങ്ങള്‍ നടന്നു.

വ്യോമാക്രമണങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച രാവിലെ വരെ തുടര്‍ന്നുവെന്നും നാല്‍പ്പതോളം തവണ ബോബിംങ് നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഇവയില്‍ ഭൂരിഭാഗവും സനായുടെ വടക്ക് ഭാഗത്തുള്ള സാദ പ്രവിശ്യയിലാണ്. കഹ്‌സ ജില്ലയില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ രണ്ട് താമസസമുച്ചയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാരിബിലെ അല്‍ മജ്‌സയും തെക്കന്‍ യെമനിലെ ധാമറിലെ ആന്‍സും ഹജ്ജാ പ്രവിശ്യയും ആക്രമണത്തിനിരയായി. ഈ ആക്രമണങ്ങളെ ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ സിവിലിയന്മാര്‍ക്കെതിരായ കുറ്റകൃത്യങ്ങളെന്ന് അപലപിക്കുകയും അവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും ഫലസ്തീന്‍ ജനതക്കൊപ്പം നിലകൊള്ളുമെന്നും ആവര്‍ത്തിച്ചു.
ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ, നാവിക കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിക്കും കഴിയില്ലെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.