അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ സൗന്ദര്യത്തിനു തടസ്സമാകും വിധം സ്വത്തുക്കൾ വേലികെട്ടുകയോ മൂടുകയോ മറയ്ക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി). എമിറേറ്റിലെ പൊതു ഇടങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ പുതിയ ചട്ടങ്ങളും പുറത്തിറക്കി.
ഏതെങ്കിലും വസ്തുവകകൾ ഭാഗികമായോ പൂർണമായോ മാറ്റം വരുത്തുകയോ വേലികെട്ടി വേർതിരിക്കുകയോ പുറത്തേക്കു കാണാത്തവിധം മൂടുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘകർക്ക് 3,000 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 5,000 ദിർഹം ഈടാക്കും. മൂന്നാമതും ആവർത്തിച്ചാൽ10,000 ദിർഹമാകും പിഴ.

ഹരിത ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതു റോഡുകൾ എന്നിവയൊന്നും രൂപമാറ്റം വരുത്താൻ പാടില്ല. നഗരത്തിന്റെ സാംസ്കാരിക പൈതൃകവും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നഗരസഭ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ വാഹനം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുന്നവർക്ക് 1000 മുതൽ 4000 ദിർഹം വരെയാണ് പിഴ.