വത്തിക്കാന്‍: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍. പാപ്പാ ചാപ്പലിലെ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. ഫെബ്രുവരി 14 ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്.
മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം. ‘ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു’ കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രം പങ്കുവെച്ചത്. മാര്‍പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മനുഷ്യ ശരീരം ദുര്‍ബലമെങ്കിലും പ്രത്യാശയുടെ തിളക്കമുളളതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.