ഫ്രെഡറിക്റ്റൺ : യുഎസ് താരിഫ് ഭീഷണിയെത്തുടർന്ന് പ്രവിശ്യാ ധനക്കമ്മി 60 കോടി ഡോളറായി വർധിച്ചതായി ന്യൂ ബ്രൺസ്‌വിക്ക് ധനമന്ത്രി റെനെ ലെഗസി. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷമുള്ള ലിബറൽ ഗവൺമെന്റിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടത്തുകയായിരുന്നു റെനെ. യുഎസ് താരിഫ് ഭീഷണി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 5 കോടി ഡോളറിന്റെ കണ്ടിജൻസി ഫണ്ട് കാരണമാണ് കമ്മി ഏകദേശം 60 കോടി ഡോളറായി വർധിച്ചതെന്നും അവർ വ്യക്തമാക്കി.
2025-26 ൽ പ്രവിശ്യയുടെ മൊത്തം വരുമാനം ഏകദേശം 1380 കോടി ഡോളറായിരിക്കുമെന്ന് ബജറ്റ് കണക്കാക്കുന്നു. അതേസമയം, അടിയന്തര ഫണ്ടിന് മുമ്പുള്ള മൊത്തം ചിലവുകൾ 1430 കോടി ഡോളറാണെന്നാണ് വിവരം. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഏകദേശം 40 കോടി ഡോളറിന്റെ കമ്മിയാണ് പ്രവചിച്ചിരുന്നത്. എന്നാൽ, കണ്ടിജൻസി ഫണ്ട് കൂടി വന്നതോടെ 54.9 കോടി ഡോളർ പ്രതീക്ഷിച്ച കമ്മി 59.9 കോടി ഡോളറിലേക്കെത്തി.

അതേസമയം, വ്യാപാര യുദ്ധം മൂലമുണ്ടാകുന്ന വെല്ലുവിളികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയിൽ ഊന്നൽ നൽകി പ്രവർത്തിക്കുമെന്നും ലെഗസി പറയുന്നു. ഇതിനായി 410 കോടി ഡോളർ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 29.3 കോടി ഡോളർ അധിക തുകയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.