കാൽഗറി : ഗ്രീൻ ലൈൻ എൽആർടി പദ്ധതിക്കായുള്ള പ്രവിശ്യയുടെ പുതിയ സമയക്രമത്തെ വിമർശിച്ച് കാൽഗറി മേയർ ജ്യോതി ഗോണ്ടെക്. നഗരമധ്യത്തിലെ എലിവേറ്റഡ് ട്രാക്കിന്റെ ആസൂത്രണം ഉടൻ ആരംഭിക്കുമെന്നും 2026 ഓടെ ഡിസൈൻ പൂർത്തിയാകുമെന്നും പ്രവിശ്യ പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അവർ. പുനർക്രമീകരിച്ച ഗ്രീൻ ലൈനിനായി പ്രവിശ്യ തയ്യാറാക്കിയ, 5% മാത്രം പൂർത്തിയായ AECOM റിപ്പോർട്ടിൽ ആവശ്യമായ വിശകലനമോ പങ്കാളികളുടെ ഇടപെടലോ ഇല്ലെന്ന് ഗോണ്ടെക് ആരോപിച്ചു. ശബ്ദമലിനീകരണം, രൂപകൽപ്പനയിലെ തടസ്സങ്ങൾ, കാലതാമസം മൂലമുള്ള വർധിച്ചുവരുന്ന ചിലവുകൾ തുടങ്ങിയ അപകടസാധ്യതകളും അവർ ചൂണ്ടിക്കാട്ടി. കാല്‍ഗറിയിലെ സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് മേയര്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയും പ്രവിശ്യയെ ആശങ്കകള്‍ അറിയിക്കുകയും ചെയ്തു.

പുനർക്രമീകരിച്ച പദ്ധതിയിൽ 130 അവന്യൂ SE നോർത്ത് മുതൽ സ്റ്റാംപേഡ് പാർക്കിന് സമീപമുള്ള പുതിയ ഇവന്റ്സ് സെന്റർ വരെ നീളുന്ന ലൈനും ഉൾപ്പെടും. ഭാവിയിൽ 10 അവന്യൂവിലൂടെയും 2 സ്ട്രീറ്റ് SW യിലൂടെയും ഡൗൺടൗൺ വഴി ലൈൻ നീട്ടാനുള്ള പദ്ധതികളുമുണ്ടാകും. ഇതിന്റെ ഒരു ഭാഗം ഉയർന്ന ട്രാക്കിലൂടെയാണ് നിർമിക്കാൻ പദ്ധതിയിടുന്നത്.