റെജൈന : നഗരത്തിലെ അടച്ചിട്ടിരിക്കുന്ന ഹോളി റോസറി എലിമെന്‍ററി സ്കൂളിൽ പൊലീസിന്‍റെ സ്ഫോടകവസ്തു നിർവീര്യ യൂണിറ്റ് പരിശീലനം നടത്തും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തത്സമയ സ്‌ഫോടകവസ്തു നിർവീര്യ പരിശീലനം നടത്തുന്നതെന്ന് റെജൈന പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആ സമയത്ത് റെജൈന പൊലീസും ആർസിഎംപി സ്‌ഫോടകവസ്തു സംഘങ്ങളും പ്രദേശത്തുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

കെട്ടിടത്തിനകത്തും പുറത്തും സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള പരിശീലന പരിപാടി നടത്തുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും പൊലീസ് വ്യക്തമാക്കി. സ്ഫോടന ശബ്ദം കേട്ടാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉള്ളവർ റെജൈന പൊലീസുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം 2023-ൽ കണ്ടെത്തിയ ഘടനാപരമായ പ്രശ്നങ്ങളാണ് ഹോളി റോസറി എലിമെന്ററി സ്കൂൾ അടച്ചുപൂട്ടാൻ കാരണം. 1914 ലാണ് ഈ സ്കൂൾ നിർമ്മിക്കപ്പെട്ടത്.