എഡ്മിന്‍റൻ : എണ്ണ, വാതക ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും കോർപ്പറേറ്റ് ഓഫീസുകളിൽ നിന്നും ഫെഡറൽ ജീവനക്കാരെ വിലക്കാൻ ലക്ഷ്യമിട്ടുള്ള നിയമവുമായി ആൽബർട്ട. ഇതിലൂടെ എണ്ണ, വാതക ഉൽപാദനത്തിന്‍റെയും പുറംതള്ളലിന്‍റെയും ഡാറ്റ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് ഫെഡറൽ ജീവനക്കാരെ അകറ്റി നിർത്തുക എന്നതാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിക്കവേ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. നിർദ്ദിഷ്ട എമിഷൻ നിരോധനം പോലുള്ള ഫെഡറൽ നയങ്ങളിൽ നിന്ന് ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും പ്രവിശ്യ പദ്ധതിയിടുന്നു. തന്‍റെ സർക്കാരിന്‍റെ നിർദ്ദിഷ്ട ബിൽ പാസായാൽ ഫെഡറൽ ജീവനക്കാരെ ബന്ധനസ്ഥരാക്കുമെന്നും അവർ പറഞ്ഞു,
എമിഷൻ ഡാറ്റ, ആൽബർട്ട സർക്കാരിന്‍റെ സ്വത്താണെന്നും ഒരു സ്വകാര്യ കമ്പനി പുതിയ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, പ്രവിശ്യയ്ക്ക് അത് അവരുടെ ലൈസൻസിന്‍റെ നിബന്ധനയായി വയ്ക്കാമെന്നും പ്രീമിയർ പറഞ്ഞു. എന്നാൽ, ഏതൊക്കെ ലൈസൻസ്ഡ് കമ്പനികളും പാട്ടക്കമ്പനികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് അവർ വ്യക്തമാക്കിയില്ല.

അതേസമയം, ഫെഡറൽ നിയമത്തെ മറികടക്കാൻ പ്രവിശ്യയ്ക്ക് അധികാരമില്ലെന്നാണ് വിമർശകരുടെ ആരോപണം. പ്രവിശ്യാ അധികാരത്തിന്‍റെ അതിരുകടന്ന ഇടപെടലാണ് ഇതെന്ന് ഭരണഘടനാ നിയമ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.