മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നല്‍കും. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍ കമ്മറ്റി എന്നിവര്‍ക്കാണ് സമ്മാനത്തുക കൈമാറുക.
മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മ്മയുടെ സംഘം കിരീടം സ്വന്തമാക്കിയത്. 2002 നും 2013 നും ശേഷം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.

ടൂര്‍ണമെന്റിലുടനീളം ടീം കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള ആദരമാണ് ക്യാഷ് അവാര്‍ഡ് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സമ്മര്‍ദ്ദഘട്ടത്തിലും കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അവരുടെ വിജയം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു പ്രചോദനമാണ്. കഴിവ്, മാനസിക കരുത്ത്, വിജയ മനോഭാവം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ടീം വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.