ഹാലിഫാക്സ് : അറ്റ്ലാൻ്റിക് – കനേഡിയൻ പ്രവിശ്യകൾക്കിടയിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കണമെന്ന് ന്യൂബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട്. ചരക്കുകളിലും തൊഴിലാളികളിലും ഒരു തുറന്ന സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാൻ നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിലെ തന്റെ സഹപ്രവർത്തകരോട് അവർ ആഹ്വാനം ചെയ്തു. യുഎസ് താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള തന്റെ രണ്ടാമത്തെ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഹോൾട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം ആദ്യം യുഎസ് താരിഫുകൾ മൂലം പ്രവിശ്യയിൽ 4,000 മുതൽ 6,000 വരെ ജോലികൾ നഷ്ടപ്പെടുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ അത് 10,000 മുതൽ 11,000 വരെ ആയി ഉയർന്നു. താരിഫുകൾ നിലനിൽക്കുന്നുവോളം തൊഴിൽ നഷ്ടം വർധിക്കുമെന്നും ഹോൾട്ട് കൂട്ടിച്ചേർത്തു. താരിഫ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും പ്രവിശ്യയുടെ ധാതു വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സൂസൻ ഹോൾട്ട് സർക്കാർ നിർദേശിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കണമെന്നും പ്രവിശ്യ സർക്കാർ പറയുന്നു.

കാനഡ-യുഎസ് ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടക്കുന്ന പ്രഥമ പ്രീമിയർമാരുടെ യോഗത്തിൽ ഹോൾട്ട് പങ്കെടുക്കും.