ന്യൂഡല്‍ഹി: വ്യോമ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ജിപിഎസ് സ്പൂഫിങ് ഇന്ത്യന്‍ വ്യോമപാതയിലും അനുഭവപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിമാന കമ്പനികളില്‍ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഒന്നര വര്‍ഷത്തിനിടെ 465 തവണ, ജിപിഎസ് സിഗ്‌നലുകളെ കബളിപ്പിക്കാനുള്ള സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹുല്‍ ലോക്‌സഭയെ അറിയിച്ചു.

വിമാനങ്ങള്‍ ദിശമനസിലാക്കി ശരിയായ പാതയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന നാവിഗേഷന്‍ സംവിധാനങ്ങളെ വ്യാജ ഉപഗ്രഹ സിഗ്‌നലുകള്‍ ഉപയോഗിച്ച് കബളിപ്പിക്കുന്ന രീതിയാണ് സ്പൂഫിങ്. 2023 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ജമ്മു, അമൃത്സര്‍ മേഖലകളിലും പരിസരങ്ങളിലുമാണ് ഇത്തരം സ്പൂഫിങ് ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാജ സിഗ്‌നലുകള്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) റിസീവറുകളെ കബളിപ്പിച്ച് വിമാനങ്ങളുടെ ലൊക്കേഷന്‍ തെറ്റായി മനസിലാക്കുകയും വ്യോമപാത, സമയം എന്നിവ സംബന്ധിച്ച് കൃത്യമല്ലാത്ത വിവരങ്ങള്‍ നല്‍കി വഴിതെറ്റിക്കുകയും ചെയ്യും. സാധാരണയായി സംഘര്‍ഷ മേഖലകളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.
സ്പൂഫിങ് ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവ സിവില്‍ വ്യോമയാന മന്ത്രാലയത്തെ അറിയിക്കണമെന്ന് കാണിച്ച് 2023 നവംബറില്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം സ്പൂഫിങ് തുടര്‍ച്ചയായി അനുഭവപ്പെടുന്ന മേഖലകളില്‍ ഈ പ്രശ്‌നം നേരിടുന്നതിനുള്ള നടപടികളും ആരംഭിച്ചു. വിമാനക്കമ്പനികള്‍ ഇത്തരം പ്രതിസന്ധിയെ അതിജീവിക്കുന്നതിന് കൃത്യമായ പ്രവര്‍ത്തന രീതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെയും യൂറോപ്യന്‍ യൂണിയന്‍ സേഫ്റ്റി ഏജന്‍സിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടികളാണ് സ്പൂഫിങ് ഭീഷണിക്കെതിരെ സ്വീകരിച്ചുവരുന്നത്. ഇതിന് പുറമെ ഉപരിതലാധിഷ്ഠിത നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നതോടെ, ജിപിഎസ് പ്രവര്‍ത്തന രഹിതമാവുന്ന സന്ദര്‍ഭങ്ങളില്‍ മറ്റ് നാവിഗേഷന്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കും.
രാജ്യത്തെ വ്യോമഗതാഗത നാവിഗേഷന്‍ സംവിധാനങ്ങളുടെ ചുമതലയുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, തങ്ങളുടെ സാങ്കേതിക സംവിധാനങ്ങളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജിപിഎസ് പ്രശ്‌നങ്ങള്‍ നേരിടുന്ന കാര്യത്തില്‍ പൈലറ്റുമാര്‍ക്കും വിമാന കമ്പനികളുക്കുമായി ഡിജിസിഎ വിശദമായ സര്‍ക്കുലര്‍ 2023ല്‍ പുറത്തിറക്കിയിരുന്നു.

സാധരണയായി ജിപിഎസ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനത്തെ കണ്‍ട്രോള്‍ ടവറില്‍ നിന്ന് റഡാറിലൂടെ നിരീക്ഷിക്കാന്‍ എടിസിയോട് അഭ്യര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു. ഇതിന് പുറമെ പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളും ഉപയോഗിച്ച് സ്പൂഫിങ് ശ്രമങ്ങളെ അതിജീവിക്കുന്നുണ്ട്.