മൺട്രിയോൾ: യുഎസുമായുള്ള വ്യാപാര യുദ്ധം തങ്ങളുടെ കമ്മ്യൂണിറ്റികളെ ബാധിക്കാൻ തുടങ്ങിയതോടെ ഫെഡറൽ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് നിരവധി കനേഡിയൻ അതിർത്തി പട്ടണങ്ങളിലെ മേയർമാർ. വ്യാപാര യുദ്ധം കാരണം ഇരു രാജ്യങ്ങൾക്കുമിടയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ തങ്ങൾക്ക് ആവശ്യമാണെന്ന് ഒന്റാരിയോ സാർണിയ മേയറായ മൈക്ക് ബ്രാഡ്‌ലി പറഞ്ഞു.

പ്രവിശ്യാ, ഫെഡറൽ സർക്കാരുകൾ വേഗത്തിൽ നടപടിയെടുക്കുകയും അതിർത്തി പട്ടണങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയും വേണമെന്ന് ന്യൂബ്രൺസ്വിക്ക് വുഡ്‌സ്റ്റോക്ക് മേയർ ട്രീന ജോൺസ് പറഞ്ഞു. താരിഫ് ഭീഷണി കാരണം അതിർത്തി കടക്കുന്ന ആളുകളുടെ എണ്ണം കുറയുന്നതിനാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും നഷ്ട്ടം നേരിടുന്നതായി ബോർഡർ ഡ്യൂട്ടി-ഫ്രീ അസോസിയേഷനിലെ ബാർബറ ബാരറ്റ് പറഞ്ഞു.