അങ്കാറ: ഇസ്താംബൂള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റില്‍ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം. ഇമാമോഗ്ലുവിന്റെ അറസ്റ്റ് തുര്‍ക്കിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുകയും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 323 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പ്രസിഡന്റ് എര്‍ദോഗന്റെ രാഷ്ട്രീയ എതിരാളിയായ ഇമാമോഗ്ലു ബുധാനാഴ്ചയാണ് അറസ്റ്റിലായത്. എക്രെം ഇമാമോഗ്ലുവിനെ അഴിമതി, ഭീകരവാദ ബന്ധങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്താംബൂള്‍ മേയറെ കുറ്റം ചുമത്തി വിചാരണ വരെ ജയിലിലടയ്ക്കണോ എന്നതില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.

2028-ല്‍ നടക്കാനിരിക്കുന്ന അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇമാമോഗ്ലുവിനെ പുറത്താക്കാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമമായാണ് പലരും അദ്ദേഹത്തിന്റെ അറസ്റ്റിനെ കാണുന്നത്. എന്നാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരോപണം നിഷേധിക്കുകയും തുര്‍ക്കിയിലെ കോടതികള്‍ സ്വതന്ത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.