വൻകൂവർ : വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറലുകളോടൊപ്പം മത്സരിക്കില്ലെന്ന് മുൻ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്. രാജ്യത്തുടനീളമുള്ള ലിബറലുകളിൽ നിന്നും മറ്റ് നിരവധി സുഹൃത്തുക്കളിൽ നിന്നും തനിക്ക് ധാരാളം പ്രോത്സാഹനങ്ങളും ആശംസകളും ലഭിച്ചുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്നും തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ക്രിസ്റ്റി ക്ലാർക്ക് വ്യക്തമാക്കി.

2011 മുതൽ 2017 വരെ ക്രിസ്റ്റി ക്ലാർക്ക് ബ്രിട്ടിഷ് കൊളംബിയ പ്രീമിയറായിരുന്നു. ലിബറൽ പാർട്ടി ഓഫ് കാനഡയുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത ബിസി ലിബറലുകളുടെ ബാനറിലാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം ആദ്യം, ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമില്ലെന്ന് പറഞ്ഞ് ലിബറൽ നേതൃ തിരഞ്ഞെടുപ്പിൽ നിന്ന് ക്ലാർക്ക് മാറി നിന്നിരുന്നു.
2022 ജൂൺ 2 മുതൽ 2023 ജൂൺ 30 വരെ അവർ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയിൽ അംഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി. അതേസമയം, പിയേർ പൊളിയേവ് പ്രധാനമന്ത്രിയായാൽ രാജ്യത്തിന് അപകടമാണെന്നും അതിനാൽ അദ്ദേഹം നേതാവാകുന്നത് തടയാൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്തതായും അവർ വെളിപ്പെടുത്തി.