ഷാർലറ്റ് ടൗൺ : പ്രവിശ്യയെ കാനഡ മെയിൻലാൻഡുമായി ബന്ധിപ്പിക്കുന്ന കോൺഫെഡറേഷൻ പാലത്തിലെ ടോളുകൾ നീക്കം ചെയ്യുമെന്ന് ഫെഡറൽ ലിബറലുകളും കൺസർവേറ്റീവുകളും വാഗ്ദാനം ചെയ്തതായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രീമിയർ റോബ് ലാന്റ്സ്. ഏപ്രിൽ 28 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ കോൺഫെഡറേഷൻ ബ്രിഡ്ജിലെയും വുഡ് ഐലൻഡ്സ് ഫെറിയിലെയും ടോളുകൾ ഒഴിവാക്കുമെന്ന് ലിബറൽ നേതാവ് മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, പാലത്തിലെ ടോളുകൾ ഒഴിവാക്കുമെന്നും ദ്വീപിനെ നോവ സ്കോഷയുമായി ബന്ധിപ്പിക്കുന്ന വുഡ് ഐലൻഡ്‌സ് ഫെറിയിലെ ടോളുകൾ പുനഃപരിശോധിക്കുമെന്നും കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവും വാഗ്ദാനം ചെയ്തു.

ടോളുകൾ അന്യായമാണെന്നും ഇവ പ്രവിശ്യയുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും പാർട്ടികൾ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് റോബ് ലാന്റ്സ് പറയുന്നു. പാലത്തിലെയും ഫെറിയിലെയും ടോളുകൾ എത്രയും വേഗം ഒഴിവാക്കുമെന്ന് ഉറപ്പു വരുത്താൻ തന്റെ സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ ഉല്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ തീരുവകൾ ആശങ്ക വർധിപ്പിക്കുന്നതാണെന്നും ലാന്റ്സ് കൂട്ടിച്ചേർത്തു.