സോൾ : ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിനെതിരായ പാർലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി. അദ്ദേഹത്തെ ആക്ടിങ് പ്രസിഡന്റായി പുനഃസ്ഥാപിച്ചു. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി. പ്രസിഡന്റായിരുന്ന യൂന്‍ സുക് യോലിനെ ഇംപീച്ച്‌മെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക് സൂവിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്.
പ്രതിപക്ഷ നിയമസഭാംഗങ്ങളുമായുള്ള രാഷ്ട്രീയ സംഘർഷത്തെത്തുടർന്നാണ് ഡിസംബർ അവസാനത്തിൽ ഹാന്‍ ഡക്ക് സൂവിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. ഏഴ്-ഒന്ന് വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് റദ്ദാക്കാൻ ഭരണഘടനാ കോടതി വിധിച്ചത്.

“രാഷ്ട്രീയത്തിലെ തീവ്രമായ ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് ജനങ്ങൾ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” കോടതിയോട് നന്ദി അറിയിച്ച്‌കൊണ്ട് ഹാന്‍ ഡക്ക് സൂ പറഞ്ഞു.
രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അസംബ്ലി അംഗങ്ങൾ ചേർന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്ത് പുറത്താക്കിയത്. പ്രതിപക്ഷം സമാന്തരസർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം പട്ടാളനിയമം റദ്ദാക്കുകയായിരുന്നു.