വൻകൂവർ : ഏപ്രിലിൽ ഉപഭോക്തൃ കാർബൺ നികുതി പൂർണ്ണമായും ഒഴിവാക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കവെയാണ് പ്രവിശ്യയുടെ തീരുമാനം. ഫെഡറൽ സർക്കാർ കാർബൺ വില താൽക്കാലികമായി നിർത്തുകയും, പ്രവിശ്യകളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ, നികുതിയിൽ നിശ്ചയിച്ചിരുന്ന വർധന താൽക്കാലികമായി നിർത്തുമെന്ന് പ്രവിശ്യാ സർക്കാർ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഷെഡ്യൂൾ ചെയ്ത നികുതി വർധന നിർത്തി വയ്ക്കുന്നതിനൊപ്പം പ്രവിശ്യയുടെ കാർബൺ നികുതി പൂർണ്ണമായും നിർത്തലാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തി വരികയാണെന്നും ബ്രിട്ടിഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നികുതി നീക്കം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം, ബിസി എൻഡിപി, മാർച്ച് 31 തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, വ്യാവസായിക ഭീമന്മാർ മലിനീകരണത്തോത് അനുസരിച്ച് കാർബൺ നികുതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് തുടരുമെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. അതേസമയം, വ്യാവസായിക എമിറ്ററുകൾക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള മാർഗങ്ങളും പ്രവിശ്യ നിർദേശിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.