മൺട്രിയോൾ : ദുർബല ജനവിഭാഗങ്ങൾക്ക് ആവശ്യമായ നിക്ഷേപം നടത്താൻ പ്രവിശ്യാ സർക്കാരിന് കഴിഞ്ഞില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി മൺട്രിയോളിലെ ഫ്രണ്ട് റീജനൽ ഡി’ആക്ഷൻ കമ്മ്യൂണോട്ടയർ ഓട്ടോണമി (FRACA). തെരുവിലിറങ്ങിയ പ്രതിഷേധക്കാർ FRACA വക്താവ് ഒലിവിയർ ഗൗവിന്റെ നേതൃത്വത്തിൽ, ഫിലിപ്സ് സ്ക്വയറിൽ നിന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിന്റെ മൺട്രിയോൾ ഓഫീസിലേക്ക് മാർച്ച് നടത്തി. സാമൂഹിക സുരക്ഷയിൽ വൻതോതിൽ പുനർനിക്ഷേപം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ദുർബല ജനവിഭാഗങ്ങൾക്ക്, താങ്ങാവുന്ന വിലയിൽ ഭവനങ്ങൾ, അടിസ്ഥാന വരുമാനം, സാർവത്രിക ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വിവിധ പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ ചേർന്ന FRACA, വിഭജനങ്ങളും ഒഴിവാക്കലുകളും പൊതു മാനദണ്ഡത്തിൽ നടപ്പിലാക്കുന്നത് നിർത്തലാക്കാൻ പ്രവിശ്യാ നേതാക്കളോട് അഭ്യർത്ഥിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.