വിനിപെഗ് : മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്‍റെ അംഗീകാര റേറ്റിങ്ങിൽ നേരിയ ഇടിവുണ്ടായതായി സർവേ റിപ്പോർട്ട്. ഡിസംബറിൽ 67 ശതമാനമായിരുന്ന അംഗീകാര റേറ്റിങ്ങിൽ രണ്ട് ശതമാനം ഇടിവ് നേരിട്ടതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ സർവേ വെളിപ്പെടുത്തുന്നു. അതേസമയം, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറിക്ക് ശേഷം, ഇപ്പോൾ കാനഡയിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ പ്രീമിയറാണ് വാബ് കിന്യൂ.
പ്രീമിയർമാർ അമേരിക്കയുമായുള്ള വ്യാപാര യുദ്ധം നിയന്ത്രിക്കുന്നതിനിടെയാണ് ത്രൈമാസ അംഗീകാര റേറ്റിങ്ങുകൾ വരുന്നത്. ഈ മാസം ആദ്യം മാനിറ്റോബ, യുഎസ് മദ്യത്തിനും ചില അധിക ഉൽപ്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. താരിഫ് ഭീഷണി അവസാനിക്കുന്നതുവരെ ഇത് തുടരാനാണ് പ്രവിശ്യയുടെ തീരുമാനം. അടുത്തിടെയാണ് മാനിറ്റോബ ഏറ്റവും പുതിയ ബജറ്റ് പദ്ധതികളും പുറത്തിറക്കിയത്.

വ്യാപാര യുദ്ധത്തോടുള്ള സമീപനവും വാബ് കിന്യൂവിന്‍റെ അംഗീകാര റേറ്റിങ്ങിനെ സ്വാധീനിച്ചിട്ടുണ്ട്. ചില പ്രീമിയർമാർ സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്തതിനാൽ ജനപ്രീതി വർധിച്ചിട്ടുണ്ട്. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്‍റെ അംഗീകാര റേറ്റിങ് 48% ആയി ഉയർന്നതും ഇതിന്‍റെ ഭാഗമായിട്ടായിരുന്നു.