വൻകൂവർ : വൻകൂവർ ജനറൽ ആശുപത്രിയിൽ രോഗി, നഴ്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടിഷ് കൊളംബിയ നഴ്‌സസ് യൂണിയൻ. മാർച്ച് 13 നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ രോഗി കൊലപ്പെടുത്താൻ ശ്രമിച്ചത്.മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള ഇന്‍പേഷ്യന്റ് സൈക്യാട്രിക് രോഗികൾക്കായുള്ള യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണം. രോഗി നഴ്‌സിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയതായും യൂണിയന്‍ പ്രസിഡന്റ് അഡ്രിയാന്‍ ഗിയര്‍ പറഞ്ഞു.

നേരത്തെതന്നെ അക്രമസക്താനാകുന്ന സ്വഭാവക്കാരനായിരുന്നു രോഗിയെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു . അതിനാൽ തന്നെ സുരക്ഷ മുൻനിർത്തി നഴ്‌സ് രോഗിയുമായി നേരിട്ട് ഇടപഴകിയിരുന്നില്ലെന്നും യാതൊരു പ്രകോപനവും കൂടാതെ നഴ്‌സിനെ രോഗി ആക്രമിക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. പരുക്കേറ്റ നഴ്‌സ് നിലവിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.