ഓട്ടവ : ഏപ്രിൽ 28 ന് നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ സാധ്യതയുണ്ടെന്ന് കാനഡ. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിന് പിന്നാലെയാണ് കാനഡയുടെ പുതിയ പരാമർശം. എന്നാൽ തിരഞ്ഞെടുപ്പിലെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങൾ ഇന്ത്യയും ചൈനയും നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപെടുത്തിയേക്കാമെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്‌ടർ വനേസ ലോയ്‌ഡ് പറയുന്നു . കനേഡിയൻ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴിവും ഇന്ത്യൻ സർക്കാരിനുമുണ്ടെന്നും വനേസ കൂട്ടിച്ചേർത്തു.

2019, 2021 തിരഞ്ഞെടുപ്പുകളിൽ ചൈനയും ഇന്ത്യയും നടത്തിയ ഇടപെടലുകളോടു കാനഡ മന്ദഗതിയിലായിരുന്നു പ്രതികരിച്ചതെന്ന് ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. എന്നാൽ കാനഡയുടെ പുതിയ ആരോപണത്തിൽ ഇന്ത്യ, ചൈന എന്നിവ ഇതുവരെയും പ്രതികരിച്ചിട്ടില്ല.