ഗോ സംരക്ഷകര്‍ ആക്രമിച്ചതിന് തുടര്‍ന്ന് രാജ്യം വിട്ട മുംബൈ സ്വദേശിയായ മാംസ വ്യാപാരിക്ക് അഭയം നല്‍കി അയര്‍ലന്‍ഡ്. ഗോ സംരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് 2017 സ്വാതന്ത്ര്യ ദിനത്തില്‍ നാടുവിട്ടത്. തുടര്‍ന്ന് കുടുംബസമേതം അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു. ഏഴ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭായര്‍ത്ഥി അപേക്ഷ അംഗീകരിക്കപ്പെട്ടത്.

2017 ജൂണ്‍ മാസമാണ് ഗോ സംരക്ഷകര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പിന്നീട് കടയാക്രമിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്‍ത്താനായിരുന്നു പൊലീസ് നിര്‍ദേശം. തുടര്‍ന്ന് വീട്ടിന് നേരെ ആക്രമണം ഉണ്ടാവുമെന്ന് ഉറപ്പായപ്പോള്‍ കുടുംബസമേതം നാടുവിടുകയായിരുന്നു. മുംബൈയില്‍ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്‍ എത്തുകയായിരുന്നു.

യുകെയിലേക്ക് പാലയനം ചെയ്ത കുടുംബം മൂന്ന് ദിവസം അവിടെ ചെലവഴിച്ച ശേഷമാണാ അയര്‍ലന്‍ഡില്‍ അഭയം തേടിയത്. അഭയാര്‍ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി, അദ്ദേഹം തന്റെ ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്‍പ്പ്, തന്റെ ബിസിനസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആക്രമണത്തില്‍ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്‍ എന്നിവ സമര്‍പ്പിച്ചു.
മുംബൈ ആസ്ഥാനമായുള്ള ഒരു മാംസ വ്യാപാരി വിദേശത്ത് അഭയം നേടിയ രണ്ടാമത്തെ കേസാണിത്. ആദ്യത്തേ കേസില്‍ 2018 ല്‍ കാനഡയിലായിരുന്നു അഭയം തേടിയത്. സാധാരണയായി, ഇന്ത്യയുടെ ജനാധിപത്യ, മതേതര ചട്ടക്കൂട് കാരണം യൂറോപ്പിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ പൗരന്മാരുടെ അഭയ അപേക്ഷകള്‍ വിജയിക്കുക വെല്ലുവിളി നിറഞ്ഞതാണ്. കോടതികള്‍ പലപ്പോഴും അഭയാര്‍ത്ഥി അപേക്ഷ അംഗീകരിക്കുന്നതിന് പകരം ഇന്ത്യയ്ക്കുള്ളില്‍ തന്നെ മറ്റൊരു പ്രദേശത്തേക്ക് മാറാന്‍ ശുപാര്‍ശ ചെയ്യുകയാണ് ചെയ്യുന്നത്.