പ്ലിമത്ത് : യുകെയിലെ പ്ലിമത്തിൽ മലയാളി യുവാവിന് നേരെ ഗുരുതര ആക്രമണം. ബസിൽ യാത്ര ചെയ്യവേയാണ് പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവിനെ ഒരാൾ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം . താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് ജോലി ആവശ്യത്തിനായുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസിൽ കയറും മുൻപേ യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്.

യുവാവിനെ ആക്രമിക്കുന്നതിന് മുൻപ് അയാൾ ബസിൽ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് യുവാവിനോട് ഫോണും, എയർപോടും ആവശ്യപെടുകയായിരുന്നു. നൽകാൻ വിസ്സമതിച്ച യുവാവിനെ ഗുരുതരമായി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടുകയും ചെയ്തു.

സംഭവത്തിൽ പരുക്കേറ്റ യുവാവിനെ പൊലീസ് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുവാൻ സഹായിച്ചതെന്നും പൊലീസ് വ്യക്തമാക്കി. യുവാവ് നിലവിൽ പ്ലിമത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മലയാളികൾ ജാഗ്രത പുലർത്തണമെന്ന് പ്ലിമത്ത് മലയാളി കൾചറൽ കമ്യൂണിറ്റി (പിഎംസിസി) നിർദ്ദേശം നൽകി. അക്രമം ഉണ്ടായാൽ ഉടൻ തന്നെ 999, 111 തുടങ്ങിയ നമ്പരുകളിൽ വിളിക്കണമെന്നും തിരിച്ചു ആക്രമണം നടത്തരുതെന്നും സംശയകരമായ സാഹചര്യത്തിൽ അക്രമികളെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പിഎംസിസി അറിയിച്ചു.