മൺട്രിയോൾ : മൺട്രിയോൾ-പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടർ സംവിധാനം വീണ്ടും പ്രവർത്തനക്ഷമമായി. വിമാനത്താവളത്തിലെ നിരവധി കമ്പ്യൂട്ടർ സിസ്റ്റങ്ങളിലെ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ കാരണം ചെക്ക്-ഇൻ, സുരക്ഷാ സംവിധാനങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മന്ദഗതിയിലായിരുന്നു. യാത്ര സുഗമമാക്കുന്നതിന്, വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ എയർലൈനിന്റെ വെബ്‌സൈറ്റിൽ ഫ്ലൈറ്റ് വിശദാംശങ്ങൾ രണ്ടുതവണ പരിശോധിക്കണമെന്ന് എയർപോർട്ട് മാനേജ്‌മെന്റ് നിർദ്ദേശിച്ചു. കൂടാതെ, ചെക്ക്-ഇൻ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവയ്ക്കായി യാത്രക്കാർക്ക് അധിക സമയം അനുവദിക്കാനും നിർദ്ദേശമുണ്ട്.

അതേസമയം, വ്യാപകമായി സിസ്റ്റങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതിൽ അന്വേഷണം നടന്നു വരികയാണ്. ബെൽ കാനഡയുമായി സഹകരിച്ച് നടത്തിയ ഇൻഫ്രാസ്ട്രക്ച്ചർ നെറ്റ് വർക്ക് നവീകരണമാണ് തടസ്സത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഇന്നലെ നടന്ന അന്തിമ നവീകരണത്തിനിടെ എയർപോർട്ട് നെറ്റ് വർക്കിൽ അപ്രതീക്ഷിതമായ പ്രതികരണങ്ങൾ ഉണ്ടായതായും, അതിന്റെ ഫലമായാണ് ദിവസം മുഴുവൻ കണക്ഷൻ ഓഫ്‌ലൈനായതെന്നും ബെൽ കാനഡയും പ്രസ്താവനയിൽ വിശദീകരിച്ചു.