ബംഗ്ലാദേശിന്റെ ജനാധിപത്യ പാതയ്ക്ക് അമേരിക്കയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ആവര്‍ത്തിച്ചറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനത്തിലാണ് അമേരിക്ക തങ്ങളുടെ പിന്തുണ ഉറപ്പിച്ച് വ്യക്തമാക്കിയത്. റൂബിയോ എല്ലാ ബംഗ്ലാദേശികള്‍ക്കും അമേരിക്കയുടെ പേരില്‍ വളരെ സന്തോഷകരമായ സ്വാതന്ത്യ ദിനവും ആശംസിച്ചു.
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ ആഘോഷം വരുന്നതെന്നും, ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രത്തിനായുള്ള മുന്നോട്ടുള്ള പാത തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങട്ടെയെന്നും മാര്‍ക്കോ റൂബിയോ ബംഗ്ലാദേശിന് നല്‍കിയ സന്ദേശത്തില്‍ പറയുന്നു. ശോഭനവും ജനാധിപത്യപരവുമായ ഭാവിയിലേക്കുള്ള യാത്രയില്‍ ബംഗ്ലാദേശിനെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.

ഇരു രാഷ്ട്രങ്ങളെയും സുരക്ഷിതവും ശക്തവും കൂടുതല്‍ സമ്പന്നവുമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തെത്തുടര്‍ന്ന്, നിലവില്‍ വന്ന താല്‍ക്കാലിക സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന യൂനുസ് ഇപ്പോള്‍ പ്രധാനമായും നേരിടുന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക എന്ന സമ്മര്‍ദ്ദ തന്ത്രമാണ്.