കരിങ്കടല്‍ സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ വ്യാപാരത്തിനും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന നിരവധി ഉപരോധങ്ങള്‍ അമേരിക്ക നീക്കിയതിനുശേഷം മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരൂ എന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
റഷ്യന്‍ കാര്‍ഷിക ബാങ്കിനും ഭക്ഷ്യ, വളങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനൊപ്പം റഷ്യന്‍ പതാകയുള്ള കപ്പലുകള്‍, തുറമുഖ സേവനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും റഷ്യയിലേക്കുള്ള വിതരണം എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിനും കരാര്‍ വിഭാവനം ചെയ്യുന്നതായി റഷ്യ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. റഷ്യയ്‌ക്കെതിരായ ചില ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് തന്റെ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് മാത്രം അമേരിക്കന്‍ പ്രസിഡന്റ് ഡേണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം അഞ്ചോ ആറോ നിബന്ധനകളുണ്ട്. തങ്ങള്‍ അതിന്റെയെല്ലാം നിയമവശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുകയുള്ളുവെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുക്രെയ്ന്‍ സംഘര്‍ഷത്തെ കേന്ദ്രീകരിച്ചുള്ള 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ കരിങ്കടല്‍ ധാന്യ സംരംഭം പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്കയും റഷ്യയും സമ്മതിച്ചിരുന്നു. 2022 ജൂലൈയില്‍ ഐക്യരാഷ്ട്രസഭയും തുര്‍ക്കിയും ചേര്‍ന്ന് മധ്യസ്ഥത വഹിച്ച ഈ കരാര്‍ പ്രകാരം, യുക്രെയ്ന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി കയറ്റുമതി ചെയ്യുന്നതിന് റഷ്യന്‍ ധാന്യങ്ങളുടെയും വളങ്ങളുടെയും കയറ്റുമതിയിലുള്ള ഉപരോധങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നീക്കം ചെയ്യില്ലെന്ന വ്യവസ്ഥയായിരുന്നു.