എഡ്മിന്‍റൻ : പ്രവിശ്യയിലെ സ്വകാര്യ ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആൽബർട്ട സർക്കാർ. ഇതോടെ അനധികൃത ഓപ്പറേറ്റർമാർക്ക് വൻതുക നഷ്ടമാകും. ആൽബർട്ടയിൽ നടക്കുന്ന ഓൺലൈൻ വാതുവെപ്പുകളിൽ പകുതിയും നിയന്ത്രണമില്ലാത്ത ‘ഗ്രേ സൈറ്റുകളിൽ’ ആണെന്നും വിപണി നിയന്ത്രിക്കുന്നത് സുരക്ഷിതമായ ഗെയിമിങ് അന്തരീക്ഷം ഉറപ്പാക്കാൻ സഹായിക്കുമെന്നും പ്രവിശ്യാ മന്ത്രി ഡെയ്ൽ നാലി പറയുന്നു. ഇതിനായി iGaming Alberta ആക്ട് എന്ന ബിൽ 48 അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഈ വർഷം അവസാനമോ 2026-ന്റെ തുടക്കത്തിലോ ആവും നിയന്ത്രണം പ്രാബല്യത്തിൽ വരിക.

നിലവിൽ, പ്രവിശ്യയിലെ ഏക നിയന്ത്രിത ഗെയിമിങ് സൈറ്റാണ് സർക്കാരിന് കീഴിലുള്ള പ്ലേ ആൽബർട്ട സൈറ്റ്. കഴിഞ്ഞ വർഷം മാത്രം ഇതിലൂടെ 23.5 കോടി ഡോളർ വരുമാനം നേടാൻ പ്രവിശ്യയ്ക്ക് സാധിച്ചിരുന്നു. അതേസമയം, ഒൻ്റാരിയോയുടെ സ്വകാര്യ സംവിധാനം പ്രവിശ്യാ ഖജനാവിലേക്ക് കൊണ്ടുവന്നത് 220 കോടി ഡോളർ വരുമാനമാണ്.