മൺട്രിയോൾ : ബ്ലഡ് ഫാമിലി മാഫിയ (ബി എഫ് എം) സംഘത്തിന്റെ തലവൻ ഡേവ് “പിക്” ടർമൽ ഇറ്റലിയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. കാനഡയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ടർമൽ, കെബെക്ക് പൊലീസിനെ വെട്ടിച്ച് പോർച്ചുഗലിൽ ഒരു സംഘത്തെ നയിച്ചതായി പറയപ്പെടുന്നു.
മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങൾക്ക് കെബെക്ക് സിറ്റി പൊലീസ് (SPVQ) ടർമലിനെ അന്വേഷിച്ചു വരികയായിരുന്നു. അതേസമയം ഇയാളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 250,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

കെബെക്ക് സിറ്റിയിൽ മാത്രമല്ല, ഈസ്റ്റേൺ കെബെക്കിലുടനീളമുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാൻ ഡേവ് ടർമലും ബിഎഫ്എമ്മും എന്തും ചെയ്യാൻ തയ്യാറാണെന്ന് SPVQ ഡയറക്ടർ ഡെനിസ് ടർക്കോട്ട് പറഞ്ഞിരുന്നു. ടർമലിന്റെ രണ്ട് കൂട്ടാളികൾ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു. ടർമലിന്റെ വലംകൈയായ റൂബൻസ് ഡെനിസ് (32) 2024 മാർച്ചിൽ പോർച്ചുഗലിൽ വെച്ച് അറസ്റ്റിലായി, ഗില്ലൂം സെന്റ്-ലൂയിസ് ബെർണിയർ (28) ജൂൺ 30 ന് ബ്രിട്ടണിലെ കെലോനയിൽ വെച്ച് അറസ്റ്റിലായി.