ജമ്മു: ജമ്മുകശ്മീരിലെ കത‍്‍വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. കത‍്‍വ ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി ഭീകർക്കായുള്ള തെരച്ചിൽ നടന്നു വരികയായിരുന്നു. ഇന്ന് രാവിലെ രാജ്ബാഗിലെ ഘടി ജുതാന പ്രദേശത്ത് സുരക്ഷാ സേന തീവ്രവാദികളെ കണ്ടപ്പോഴാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഏറ്റുമുട്ടൽ നടന്ന ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ രാജ്ബാഗിലെ ഘടി ജുതാന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് സുരക്ഷാ സേന തീവ്രവാദികളെ കണ്ടത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഹിരാനഗർ സെക്ടറിലെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട അതേ സംഘത്തിൽ പെട്ടവരുമായാണ് ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് കരുതുന്നത്. ഞായറാഴ്ച വൈകുന്നേരം ഏകദേശം അര മണിക്കൂറോളം സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സന്യാൽ ഗ്രാമത്തിലെ ‘ധോക്ക്’ എന്ന പ്രാദേശിക സംവിധാനത്തിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ശനിയാഴ്ച മലയിടുക്കിലൂടെയോ തുരങ്ക പാതകളിലൂടെയോ തീവ്രവാദികൾ നുഴഞ്ഞ് കയറിയതാകാമെന്നാണ് നിഗമനം. പോലീസിനൊപ്പം സൈന്യം, എൻഎസ്‌ജി, ബിഎസ്‌എഫ്, സിആർപിഎഫ് സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമാണ്. ഹെലികോപ്റ്റർ, യുഎവികൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.