ഹാലിഫാക്സ് : യുഎസുമായുള്ള വ്യാപാര യുദ്ധം തുടരുന്ന സാഹചര്യത്തിൽ, കനേഡിയൻ പൗരന്മാർക്കിടയിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക കുറവാണെന്ന് സർവേ റിപ്പോർട്ട്. 1,599 കനേഡിയൻ പൗരന്മാരിൽ ലെഗർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ, ജോലിയുള്ളവരിൽ 38% പേർ അടുത്ത വർഷം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്നും റിപ്പോർട്ട് പറയുന്നു.
ഒൻ്റാരിയോയിലെ ജോലിയുള്ളവരാണ് ഏറ്റവും കൂടുതൽ ആശങ്കാകുലർ. ഇത് 44% വരും. ജോലി നഷ്ടത്തിൽ ഏറ്റവും കുറവ് ആശങ്ക രേഖപ്പെടുത്തിയത് ബ്രിട്ടിഷ് കൊളംബിയയിലാണ്- 31% പേർ. 18 മുതൽ 34 വയസ്സ് വരെ പ്രായമുള്ള യുവാക്കളായ കാനഡക്കാരാണ് (47%) തൊഴിൽ നഷ്ടപ്പെടുമോ എന്ന് കൂടുതൽ ആശങ്കാകുലർ. എന്നാൽ, 35 നും 54 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഇത് 37 ശതമാനവും, 55 വയസ്സിനു മുകളിലുള്ളവരിൽ ഇത് 28 ശതമാനവും ആണ്.

യുഎസ് ഭീഷണികൾക്ക് മുന്നിൽ കനേഡിയൻ ജനത നിരാശരായിക്കൊണ്ടിരിക്കുകയാണെന്ന് ഈസ്റ്റേൺ കാനഡയിലെ ലെഗറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഡാലെയർ അഭിപ്രായപ്പെടുന്നു. അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണമായ ആഘാതം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നും കനേഡിയൻ ജോലികൾക്കും സമൂഹങ്ങൾക്കും നേരെയുള്ള ഭീഷണി തുടരുന്നുകയാണെന്നും കനേഡിയൻ ലേബർ കോൺഗ്രസ് പ്രസിഡന്റ് ബിയ ബ്രൂസ്‌കെയും പറയുന്നു.