ഹാലിഫാക്സ് : നോവസ്കോഷയിലെ അപ്പർ ടാന്റലോണിൽ 2016 മോഡൽ ഫോർഡ് മസ്റ്റാങ്ങിന് തീപിടിച്ചു. മനഃപൂർവം തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെ ഹെംലോക്ക് ഡ്രൈവിലാണ് തീപിടുത്തം. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തുകയും തീയണയ്ക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് വാഹനത്തിന് തീയിട്ടതെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന ഒരു വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ത്രീക്ക് 5 അടി 5 ഇഞ്ചിനും 5 അടി 7 ഇഞ്ചിനും ഇടയിൽ ഉയരവും ഏകദേശം 130 പൗണ്ട് ഭാരവുമുണ്ടെന്ന് പൊലീസ് സൂചന നൽകി. പ്രദേശത്ത് സംശയാസ്പദമായ വാഹനങ്ങളുടെ സുരക്ഷാ ദൃശ്യങ്ങൾ കൈവശമുള്ളവർ 902-490-5020 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടണമെന്ന് ആർസിഎംപി അറിയിച്ചു.