കാല്‍ഗറി: നഗരത്തിലെ കഞ്ചാവു കടകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകളില്‍ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു.ജനുവരി 9 ന് രാത്രി 9:40 ഓടെ,സാധനം വാങ്ങാനെന്ന വ്യാജേന മൂന്ന് പ്രതികള്‍ 16 അവന്യൂവിലെ ഫോര്‍ 20 ഡിസ്‌പെന്‍സറിയില്‍ പ്രവേശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ഉല്‍പ്പന്നങ്ങള്‍ നോക്കുന്നതിനായി ഡിസ്‌പ്ലേകളില്‍ ഒന്ന് തുറക്കാന്‍ പ്രതികള്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും പ്രതികള്‍ ജീവനക്കാരനെ തള്ളിമാറ്റി കഞ്ചാവ് മോഷ്ടിച്ച് കടന്നു കളഞ്ഞതായും പൊലീസ് പറഞ്ഞു.

ഫെബ്രുവരി 9 ന്, രാത്രി 10 മണിക്ക് ഇവര്‍ ഏവിയേഷന്‍ റോഡ് നോര്‍ത്ത് ഫോര്‍20-ല്‍ പ്രവേശിച്ച് വീണ്ടും മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു. ഇവര്‍ കടയിലെ ജീവനക്കാരെ ആക്രമിക്കുകയും ഡിസ്‌പ്ലേ തുറന്ന് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞയുകയുമായിരുന്നു. ഫെബ്രുവരി 23 നും, ഇതേ പ്രതികള്‍ ഫോര്‍ത്ത് സ്ട്രീറ്റ് നോര്‍ത്ത് ഈസ്റ്റ് ഹൈലാന്‍ഡ് ബഡ്സിലെ കഞ്ചാവ് കടയില്‍ പ്രവേശിച്ച് മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കവര്‍ച്ചക്ക് പിന്നില്‍ ഒരേ ആളുകളാണ് കണ്ടെത്തി. മാര്‍ച്ച് 19 ന്, ഗ്രീന്‍വ്യൂ, ഹണ്ടിംഗ്ടണ്‍ ഹില്‍സ്, ബെഡിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.പ്രതികള്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് സെല്‍ഫോണുകളും വസ്ത്രങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.