വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാക്കളുടെ സ്വകാര്യ ഡാറ്റ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവര്‍ ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ചില പാസ്വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ജര്‍മ്മന്‍ വാര്‍ത്താ മാസികയായ ഡെര്‍ സ്പീഗല്‍ പുറത്ത് കൊണ്ടുവന്നത്. വാണിജ്യ ഡാറ്റ – സെര്‍ച്ച് സേവനങ്ങള്‍ വഴി കണ്ടെത്താനും ഓണ്‍ലൈനില്‍ ഡംപ് ചെയ്ത ഡാറ്റ ഹാക്ക് ചെയ്യാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍, ക്ലൗഡ്-സ്റ്റോറേജ് സേവനമായ ഡ്രോപ്പ്‌ബോക്സ്, ഉപയോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ആപ്പുകള്‍ അടക്കം ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ട്.

മെസേജിങ് സേവനങ്ങളായ വാട്ട്സ്ആപ്പ്, സിഗ്‌നല്‍ എന്നിവയിലെ അക്കൗണ്ടുകളുമായി ഗബ്ബാര്‍ഡും വാള്‍ട്ട്‌സും നമ്പറുകള്‍ ലിങ്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവഴിയാണ് ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളില്‍ സ്പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് എന്നും ഡെര്‍ സ്പീഗല്‍ പറയുന്നു.
മാര്‍ച്ച് 15 ന് യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടത്താനുള്ള യുഎസിന്റെ അതീവ രഹസ്യ പദ്ധതികളെക്കുറിച്ചുള്ള സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റും ഇത്തരത്തില്‍ ചോര്‍ന്നതായി മാഗസിന്‍ പറയുന്നു. ഈ സംഭാഷണത്തിന്റെ വിശദാംശങ്ങളും മാഗസിന്‍ പ്രസിദ്ധീകരിച്ചു. അതേസമയം മൂന്ന് ഉദ്യോഗസ്ഥരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് ഡെര്‍ സ്പീഗല്‍ പറഞ്ഞു.ജര്‍മന്‍ മാഗസിന്‍ പരാമര്‍ശിച്ച അക്കൗണ്ടുകളും പാസ്വേഡുകളും വാള്‍ട്സ് 2019 ല്‍ മാറ്റിയതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.