വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ്. അമേരിക്കന്‍ വിരുദ്ധ പ്രത്യയശാസ്ത്രം സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനോട് നടപടി സ്വീകരിക്കാനും ട്രംപ് നിര്‍ദ്ദേശിച്ചു.
‘നമ്മുടെ രാഷ്ട്ര തലസ്ഥാനത്തെ മ്യൂസിയങ്ങള്‍ വ്യക്തികള്‍ പഠിക്കാന്‍ പോകുന്ന സ്ഥലങ്ങളായിരിക്കണം. പ്രത്യയശാസ്ത്രപരമായ പ്രബോധനങ്ങള്‍ക്കോ നമ്മുടെ പങ്കിട്ട ചരിത്രത്തെ വളച്ചൊടിക്കുന്ന വിഭാഗീയ വിവരണങ്ങള്‍ക്കോ വിധേയമാകരുത്” എന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. അമേരിക്കന്‍ ചരിത്രത്തിന്റെയും നവീകരണത്തിന്റെയും സമ്പന്നതയെ ആദരിക്കുകയും, എല്ലാ അമേരിക്കക്കാരുടെയും ഹൃദയങ്ങളില്‍ അഭിമാനം വളര്‍ത്തുകയും ചെയ്തുകൊണ്ട്, പ്രചോദനത്തിന്റെയും അമേരിക്കന്‍ മഹത്വത്തിന്റെയും പ്രതീകമായി സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനെ അതിന്റെ ശരിയായ സ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പറഞ്ഞു.

സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം, വിദ്യാഭ്യാസം, ഗവേഷണ സമുച്ചയമാണ്. 21 മ്യൂസിയങ്ങള്‍, 14 വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍, ദേശീയ മൃഗശാല എന്നിവ ഇവിടെ ഉണ്ട്.