കിച്ചനർ : ഗ്വൽഫിൽ മോഷ്ടിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് യുവാവിനെതിരെ കേസ്. ബുധനാഴ്ച ഗോസ്ലിങ് ഗാർഡൻസിലാണ് സംഭവം. അമിതവേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റോപ്പ് അടയാളം തകർക്കുകയായിരുന്നു. തുടർന്ന് ഒരു റീസൈക്ലിങ് കാർട്ടിലും നിർത്തിയിട്ട വാഹനങ്ങളിലും മരത്തിലും ഇടിച്ചു. രക്തം പുരണ്ട മുഖമുള്ള ഒരാൾ വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

പൊലീസ് സർവീസ് ഡോഗ് എക്കോയുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ നിസാര പരുക്കുകളോടെ ഹാമിൽട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്നും മയക്കുമരുന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് അന്വേഷകർ കണ്ടെത്തി.
പ്രതിക്കെതിരെ വാഹന മോഷണം, 5,000 ഡോളറിൽ കൂടുതൽ മോഷ്ടിച്ച സ്വത്ത് കൈവശം വെക്കൽ, അപകടകരമായ ഡ്രൈവിങ്, അപകടത്തിന് ശേഷം വാഹനം നിർത്താതിരിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.