ബാങ്കോക്ക്: മ്യാൻമറിൽ ശക്തമായ ഇരട്ടഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിലെ സാഗൈങ്ങിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബംഗ്ലാദേശിലും ചൈനയിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം മ്യാൻമർ നടത്തിയിട്ടില്ല.

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിശക്തമായ ഭൂചലനമായതിനാൽ വൻ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. പാലങ്ങളും കെട്ടിടങ്ങളും തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.