കാൽഗറി: പ്രവിശ്യയിലുടനീളം എട്ട് പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി ആൽബർട്ട സർക്കാർ 1.7 കോടി ഡോളർ നിക്ഷേപിക്കും. അസ്ഥി ഒടിവ് പോലുള്ള അടിയന്തരവും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ മെഡിക്കൽ പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതായി ആൽബർട്ട ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച് പറഞ്ഞു.

വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് പ്രവിശ്യ നിവാസികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അഡ്രിയാന ലാഗ്രേഞ്ച് പറയുന്നു. ഈസ്റ്റ് കാൽഗറി, വെസ്റ്റ് എഡ്മിന്റൻ, സൗത്ത് എഡ്മിന്റൻ, സ്റ്റോണി പ്ലെയിൻ/സ്പ്രൂസ് ഗ്രോവ്, ലെത്ത്ബ്രിഡ്ജ്, മെഡിസിൻ ഹാറ്റ്, കോൾഡ് ലേക്ക്, ഫോർട്ട് മക്മുറെ എന്നിവിടങ്ങളിലാണ് പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ നിർമിക്കുന്നത്. എട്ട് പുതിയ കേന്ദ്രങ്ങൾക്കായി 1.5 കോടി ഡോളർ ചിലവഴിക്കുകയും ബാക്കി 20 ലക്ഷം വൺ ഹെൽത്ത് എയർഡ്രിയുടെ അടിയന്തര പരിചരണ സൗകര്യത്തിനായി ഉപയോഗിക്കുമെന്ന് അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു.