എഡ്മിന്‍റൻ : എഡ്മിന്‍റൻ സൗത്ത് ഈസ്റ്റ് എംപിയാകാനുള്ള പ്രചാരണത്തിന് ഇന്ന് നടക്കുന്ന പരിപാടിയിലൂടെ ഔദ്യോഗികമായി തുടക്കം കുറിക്കാനൊരുങ്ങി അമർജീത് സോഹി. 5087 22 സൗത്ത് വെസ്റ്റ് അവന്യൂവിലുള്ള അദ്ദേഹത്തിന്റെ പ്രചാരണ ഓഫീസിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിപാടി നടക്കും. ലിബറൽ സ്ഥാനാർത്ഥിയായി ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എഡ്മിന്‍റൻ മേയർ സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന് സോഹി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

2021-ൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട 61 വയസ്സുള്ള സോഹി, ഓൾഡ് എഡ്മിന്‍റൻ മിൽ വുഡ്‌സ് റൈഡിങ്ങിൽ അഞ്ച് വർഷം ലിബറൽ എംപിയായിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചെങ്കിലും 2019-ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കൂടാതെ അമർജീത് സോഹി 2007 മുതൽ 2015 വരെ എട്ട് വർഷം എഡ്മിന്‍റൻ സിറ്റി കൗൺസിലിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു.